ഒരു കൊച്ചു ചാവി സമരം നടത്തിയത് നിങ്ങളെല്ലാവരും അറിഞ്ഞ് കാണുമല്ലോ? ഇതുവരെ അങ്ങിനെ ഒരു സംഭവമേ അറിഞ്ഞിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക് ചെയ്യുക. എന്റെ ബ്ലോഗ് കൂട്ടുകാരുടെ വക ചാവി സമരത്തിന്ന് ലഭിച്ച രണ്ട് നല്ല മറുപടികള്‍ ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. നിങ്ങള്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുക.

“നാളെ രാവിലെ 6 മണിമുതൽ വൈകുന്നേരം ആറുമണിവരെ സംസ്ഥാന വ്യാപകമായി ചാവികൾ പണിമുടക്കുന്നു“ - നരികുന്നന്‍


രാവിലെ പത്രമായ പത്രമെല്ലാം ഗംഭീരം തലക്കെട്ടുമായി പ്രത്യക്ഷപ്പെട്ടത്‌ കണ്ട്‌ ഭൂലോകം അന്തം വിട്ട്‌ കുന്തം പോലെ നിന്നു.

കമന്റില്ലാത്ത ബ്ലോഗ്‌ പോലെ, കോയിക്കാലില്ലാത്ത ബിയിയാണി പോലെ, ലീവില്ലാത്ത ജോലിപോലെ, ലേഡിയില്ലാത്ത ചാറ്റ്‌ റൂം പോലെ, ലവള് വരാത്ത ബ്ലോഗ്ഗറെ പോലെ, അറിയുന്നതും അറിയാത്തതുമായ ഒരുപാട്‌ ഉപമകൾ കുത്തിത്തിരുകാത്ത ബ്ലോഗ് പോസ്റ്റ് പോലെ ബൂലോകം മുഖത്തോട്‌ മുഖം നോക്കിയിരുന്നു. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന സത്യം എല്ലാവരിലും ഭയമുളവാക്കി.

പക്ഷേ എന്തിനും ഏതിനും പണിമുടക്കും സമരവും കൊണ്ട്‌ ബൂലോകം യുദ്ധക്കളമാക്കുന്ന രാഷ്ട്രീയക്കാരെ നോക്കി ഒരു കൂട്ടം ഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു. വാഹനങ്ങളും, ഷട്ടറുകളും, വാതിലുകളും, ഷെൽഫുകളും, വലിപ്പുകളും, അലമാരകളും തുടങ്ങി ചാവികൊണ്ട്‌ പൂട്ടിവച്ച എല്ലാ കുണ്ടാമണ്ടികളും സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി. എന്നും ഹർത്താലുണ്ടാകുമ്പോൾ തല്ലിത്തകർക്കുന്ന കെ.എസ്‌.ആർ.ടി.സി ബസിനാണ്‌ എറ്റവും സന്തോഷം. ഹർത്താൽ ദിനങ്ങളിൽ തന്റെ വയറ്റത്ത്‌ കേറി താണ്ഡവനിർത്തമാടുന്ന ബൂലോഗ വാസികളുടെ മേൽ ഒരു ദിവസമെങ്കിലും ആധിപത്യം നേടാൻ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ടായിരിക്കണം ഹാൽടാക്കേണ്ട സ്ഥലമെത്തും മുമ്പേ പണിമുടക്കിത്തുടങ്ങി. വാതിലടച്ച്‌ പൂട്ടിക്കിടന്നാൽ നേരം പുലർന്നാൽ പുറത്തിറങ്ങി ആരാന്റെ നെഞ്ചത്ത്‌ കേറി സിന്താബാദ്‌ വിളിക്കാൻ കഴിയില്ലല്ലോന്ന് കരുതിയാകണം കുറേപേര്‌ വാതിൽ പൂട്ടാതെ കിടന്നുറങ്ങി. ബൂലോകത്തെ മഹാമനസ്കരായ തസ്കര സംഘം എന്തോ നിധികിട്ടാൻ പോകുന്ന ആവേശത്തിൽ ചാവിസമരം പ്രക്യാപിച്ച ചാവി അസോസിയേഷൻ പ്രസിഡന്റും കജാഞ്ചിയുമായ കെ.മണി എന്ന ചാവിബ്ലോഗർക്ക്‌ ആയിരം സ്ത്രോതം നേർന്ന് രാത്രി സന്ദർശ്ശിക്കേണ്ട വീടുകൾ എണ്ണം പിടിച്ച്‌ നേരം പോയതറിഞ്ഞില്ല. പിറ്റേന്ന് നേരം പുലർന്നപ്പോൾ ബൂലോഗത്ത്‌ കണ്ട കഥ ഞെട്ടിക്കുന്നതായിരുന്നു. തലേന്ന് സംഭരിച്ച്‌ വെച്ച ഭക്ഷണവും, ബേവറേജ്‌ കോർപ്പറേഷൻ കയറിട്ട്‌ വലിച്ച കുപ്പികളും എല്ലാം കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. ഹെന്റമ്മേ, ഹെന്റെ പണം.. എന്ന് നിലവിളിച്ച്‌ ചാവിക്കൂട്ടങ്ങളുമായി അലമാരി തുറക്കാൻ പോയപ്പോൾ എത്ര ഇട്ട്‌ തിരിച്ചിട്ടും തുറയുന്നില്ല. അകത്ത്‌ കാലിയായ അലമാരിയുടെ ലോക്കുകൾ ഉള്ളിൽ കിടന്ന് തിരിയുന്ന ചാവികളെ നോക്കി ചിരിച്ചു. പണം പോയോ എന്ന വേവലാതിയിൽ ചാവി സമരം മറന്ന് പോയ ബൂലോക വാസികൾ ചാവിക്കൂട്ടം ദൂരേക്ക്‌ വലിച്ചെറിഞ്ഞ്‌ അലമാരി വെട്ടിപ്പൊളിച്ചു. അകത്ത്‌ കണ്ട കാഴ്ച ഇനിയും കാണാൻ കഴിയാതെ ചാവാലിപ്പട്ടി മോങ്ങുന്ന പോലെ മോങ്ങിക്കൊണ്ടിരുന്നു. ഫോണെടുത്ത്‌ പോലീസ്റ്റേഷനിൽ വിളിച്ച്‌ പറയാൻ നോക്കുമ്പോൾ അവിടെ ഫോണെടുക്കുന്നില്ല. ചാവിസമരം മൂലം സ്റ്റേഷൻ തുറന്നിട്ടില്ല. പുറത്തിറങ്ങി പോലീസേമാന്റെ വീട്ടിൽ പോയി പരാതി കൊടുക്കാം എന്ന് കരുതി വണ്ടിയിൽ കേറി ചാവികൊടുത്ത്‌ എത്ര സ്റ്റാർട്ടാക്കിയിട്ടും ഒരു അനക്കവുമില്ല. ലക്ഷങ്ങൾ മുടക്കി അയലോക്കക്കാർക്ക്‌ കാണത്തക്ക രീതിയിൽ ഇല്ലാത്ത ജാഡകാണിച്ച്‌ വാങ്ങി നിർത്തിയ വണ്ടിയാ...

ഈ ചാവി പരമ്പര ദൈവങ്ങളേ നിങ്ങൾ ഞങ്ങളുടെ കണ്ണ് തുറന്നിരിക്കുന്നു. ഇനി മേലാൽ ഞങ്ങൾ ഹർത്താലെന്നും പറഞ്ഞ്‌ ഈ ബൂലോഗത്ത്‌ കാലു കുത്തുകേല.

ഹർത്താൽ മൂർദ്ദാബാദ്‌...

“പരമുവിന്റെ ചൊറിച്ചില്‍“ - രസികന്‍

കള്ളന്‍ പരമു നാട്ടിലെ കള്ളപ്രമാണിമാരിലൊരാളാണ് , അത്യാവശ്യത്തിനു പവര്‍ക്കട്ടും
ലോഡ്ഷെഡ്ഡിംഗുമൊക്കെയുള്ളതുകൊണ്ട് അങ്ങ് തട്ടിമുട്ടി ജീവിച്ചുപോകുന്നു.
മീശമാധവനേട്ടന്റെ ശിഷ്യഗണത്തില്‍ പെട്ടത്കൊണ്ട് ആരെയെങ്കിലും നോക്കി താടിക്കു ചൊറിഞ്ഞാല്‍ നോട്ടം കിട്ടിയവന്റെ കാര്യം പോക്കാ. കാരണം ആ ദിവസം പരമു
അയാളുടെ വീട്ടില്‍ കളവുനടത്തിയിരിക്കും.
അതുകൊണ്ടുതന്നെ നാട്ടുകാരുടെ കൂട്ടു പ്രാര്‍ത്ഥനകള്‍ ഇങ്ങനെ പോകുന്നു.


" കാരുണ്യവാനായ ദൈവമെ പരമുവിനു യാതൊരു വിധ ചൊറിച്ചിലും വരുത്തല്ലേ. ഇനി അഥവാ അങ്ങേര്‍ക്കു ചൊറിച്ചില്‍ കൊടുക്കാനാണു അങ്ങയുടെ ഭാവമെങ്കില്‍ ഈ പാവം പാപികളില്‍ ആര്‍ക്കെങ്കിലും തന്നാല്‍ മതിയേ ഞങ്ങള്‍ സസന്തോഷം ഏറ്റെടുത്തോളാമേ"

ചൊറിച്ചില്‍ തരാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്ന ഒരേ ഒരു നാട്ടുകാര്‍ എന്ന പരിഗണന ദൈവം അവര്‍ക്കു കണ്ടറിഞ്ഞുതന്നെ കൊടുത്തു. ഓരോരോ കാരണത്തിനു ദൈവം പരമുവിനു കൊടുക്കാനിരുന്ന ചൊറികളെല്ലാം നാട്ടുകാര്‍ക്കായി വീതിച്ചുകൊടുത്തപ്പോള്‍ ഇന്ന് ഗ്രാമവാസികള്‍ക്ക് മറ്റെന്തിലുമുപരി ചൊറിയാന്‍ മാത്രമെ സമയംകിട്ടാറുള്ളു.

ഹര്‍ത്താലും , ബന്തുമൊക്കെ മാറിമാറി വന്നു കാലചക്രം മുന്നോട്ടു നീങ്ങി. ആര്‍ക്കും ഒന്നിനും സമയമില്ലാതായി, എല്ലാവരും സസന്തോഷ പുളകിതം കടമുടക്കലും ബസ്സിനുകല്ലെറിയലും നടത്തി വരുന്നു. പണിമുടക്കുനടത്താന്‍ പണിയന്വേഷിച്ചു തെണ്ടുന്ന പണിയില്ലാ കുട്ടപ്പീ, കുട്ടപ്പന്മാര്‍ നാട്ടില്‍ നിറഞ്ഞു കവിയുന്നത് ബന്തിന്റെയും ഹര്‍ത്താലിന്റേയും ശക്തികൂട്ടി എന്നതു ഞാന്‍ പ്രത്യേകം പറയുന്നില്ല.

ആയിടയ്ക്കാണു ഒരു സംഭവം നടക്കുന്നത് ആ നാട്ടിലെ സകല പൂട്ടുകളുടെയും കള്ളത്താക്കോല്‍ നമ്മുടെ കള്ളന്‍ പരമുവിന്റെ കൈവശമുണ്ട്. പരമു സകലമാന പൂട്ടും
കൊളുത്തുമായി സൌഹൃദത്തിലുമാണു താനും അവരായി അവരുടെ ലോകമായി എന്ന രീതിയില്‍ പൂട്ടുകള്‍, ചാവികള്‍ , കൊളുത്തുകള്‍ എന്നിവരുടെ കൂടെ കള്ളന്‍ പരമുവും ആടിപ്പാടി നടക്കുന്ന കാലം.

കാലന്‍ ബൈപ്പാസുവഴി വന്നപോലെ ഒരാള്‍ ആ നാട്ടില്‍ കാലുകുത്തി. കാലുകുത്തിയത് മറ്റാരുമായിരുന്നില്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോരക്കണ്ണന്‍ റപ്പായി. റപ്പായി സാറിന്റെ പേരു കേട്ടാല്‍ തന്നെ കള്ളന്മാരും , കള്ളനു കഞ്ഞിയും ഒണക്കമീന്‍ ചുട്ടതും വച്ചുകൊടുക്കുന്നവരും ഒന്നു ഞെട്ടും. അത്രയ്ക്കു ഭീകര പോലീസുകാരനായിരുന്നു റപ്പായി സാര്‍.

തലേ ദിവസം രാത്രി ഒരു കളവുപോലും നടത്താത്തതിനാല്‍ പകല്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്ന കള്ളന്‍ പരമു ഗതികേടുകൊണ്ടായിരുന്നു
നട്ടുച്ചസമയത്ത് കക്കാനിറങ്ങിയത്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിനു മുകളില്‍
വലിഞ്ഞുകയറിയ പരമുവിനു വെളിച്ചത്തില്‍ കട്ട പരിചയക്കുറവൊന്നുകൊണ്ടു മാത്രമായിരുന്നു മൂക്കും കുത്തി താഴെ വീണത് എന്നത് വിളിച്ചുപറയാത്ത പരമസത്യം.
പരമുവിന്റെ വീഴ്ചയും സ്വപ്നംകണ്ട് നടന്നിരുന്ന നാട്ടിലെ സ്വപ്നജീവികള്‍ ഓടിക്കൂടി. ചോരക്കണ്ണന്‍ റപ്പായിസാര്‍ തുരുമ്പിച്ച ജീപ്പില്‍ പറന്നെത്തി. ഇടിയായി , തൊഴിയായി , അലര്‍ച്ചയായി ഇതിന്റെയൊക്കെത്തുടര്‍ച്ചയായി എല്ലൊടിഞ്ഞ പരമു ലോക്കപ്പിലുമായി.


പരമുവിന്റെ ഉറ്റതോഴന്മാര്‍ പൂട്ട്, കൊളുത്ത്, ചാവി എന്നീ വകകള്‍ വലിയവാവില്‍ കരഞ്ഞു കരച്ചിലിന്റെ ഏതോ ഒരു അപ്രധാന ഘട്ടത്തില്‍ ചാവിക്കുട്ടപ്പന്റെ നേതൃത്വത്തില്‍ ആ
തീരുമാനവും വന്നു " പ്രിയ പൂട്ട് കം കൊളുത്ത് ആന്റ് ചാവി സുഹൃത്തുക്കളെ , സുഹൃത്തിക്കളെ ( സ്ത്രീലിംഗം) നമ്മുടെ തോഴന്‍ പരമുച്ചേട്ടനെ ലോക്കപ്പിലിട്ടു പച്ചവെള്ളംകൊടുക്കാതെ മര്‍ദ്ദിക്കുന്നതിനെതിരെ നമ്മളെല്ലാവരും നാളെ പണിമുടക്കാന്‍ തീരുമാനിച്ചിരിക്കുന്നു." വമ്പിച്ച ചാവിക്കുലുക്കത്തോടെ യോഗം പിരിഞ്ഞു.


പിറ്റേന്നു കോട്ടുവായിട്ടു മലര്‍ക്കെത്തുറന്ന വായയുമായി ചന്ദ്രമതി ഉറക്കം മതിയാക്കിയ അരിശത്തില്‍ വാതില്‍ തുറക്കാന്‍പോയപ്പോള്‍ ചാവി പണിമുടക്കിയ കാര്യമറിഞ്ഞ്
തുള്ളിച്ചാടി വീണ്ടും പോയി കിടന്നുറങ്ങി. ചാവി വര്‍ക്കു ചെയ്യാതെ വാഹനങ്ങളോടുന്നില്ല , കടകള്‍ തുറക്കാന്‍ കഴിയുന്നില്ല , റഫ്രിജറേറ്ററില്‍ വച്ച പഴംകഞ്ഞിയെടുക്കാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല ലോക്കു ചെയ്ത ടെലഫോണ്‍ പോലും വര്‍ക്കു ചെയ്യിക്കാന്‍ കഴിയുന്നില്ല.
നാട്ടിലാകെ കുലുമാല്‍ കം കുണ്ടാമണ്ടിയായി. രാവിലെ കോളേജില്‍ ഫാഷന്‍ പരേഡിനുപോകുന്ന തരുണീ തരുണന്മാര്‍ വീട്ടിന്റെ പൂട്ടു തുറക്കാന്‍ കഴിയാതെ ഐസ്ക്രീമും മഞ്ചും സ്വപ്നംകണ്ട് കണ്ണുതുടയ്ക്കുന്നു. പണപ്പെട്ടികള്‍ തുറക്കാനാവാ‍തെ പണക്കാര്‍
വിയര്‍പ്പൊഴുക്കുമ്പോള്‍ പൂട്ടില്ലാത്ത കുടിലില്‍ അന്തിയുറങ്ങിയ പാവപ്പെട്ടവന്‍ പതിവുപോലെ സ സന്തോഷം കപ്പചുട്ടതും കട്ടങ്കാപ്പിയും കുടിച്ച് പാടത്തു പണിക്കിറങ്ങി
വിയര്‍പ്പൊഴുക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നാട്ടിലാകെ ഫയങ്കര ലതായി .

അവസാനം ചാവികളും കൂട്ടുകാരും ഡിമാന്റ് വെച്ചു "ഞങ്ങളുടെ എല്ലാമെല്ലാമായ പരമുച്ചേട്ടനെ ലോക്കപ്പില്‍ നിന്നും മോചിപ്പിച്ചാല്‍ സമരം പിന്‍ വലിക്കാം" ഡിമാന്റ് അംഗീകരിച്ചു. പോലീസ് സ്റ്റേഷനില്‍ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് തുറക്കാത്ത വീട്ടില്‍ പോകാന്‍ കഴിയാതെ സ്റ്റേഷനില്‍ തന്നെ ചീട്ടുകളിച്ചിരിക്കുന്ന പോലീസുകാര്‍ ഹാപ്പി. കോണ്‍സ്റ്റബിള്‍ കോവാലന്‍സാര്‍ ചാവിയുമായി ലോക്കപ്പിനു നേരെ ഓടി . ലോക്കപ്പിനുള്ളില്‍നിന്നും അതുകണ്ട പരമു എല്ലൊടിഞ്ഞ കാലും കൊണ്ട് സിനിമാറ്റിക്ക് ഡാന്‍സു നടത്തി. കോവാലന്‍ സാര്‍ ലോക്കപ്പിന്റെ പൂട്ട് ചാവിയിട്ടു തിരിച്ചു , വീണ്ടും വീണ്ടും തിരിച്ചു ബട്ട് നോ രക്ഷ............
കാരണം കള്ളന്‍ പരമുവിനെ തുറന്നുവിടാതെ ചാവി , പൂട്ട് കം കൊളുത്തുകള്‍ സമരം പിന്‍ വലിക്കില്ലല്ലോ!!!!


പരമുസാര്‍ തന്റെ തലയ്ക്കു കൊടുത്ത താങ്ങെടുത്ത് സ്വന്തം
നെഞ്ചത്തിട്ടു നാലുപൊട്ടിച്ചു മലര്‍ന്നടിച്ചുവീണു.

മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്????

കഷ്ണിച്ചു തുന്നിയ ജീവിത പന്തലില്‍,

കഷ്ടിച്ചു നിന്നു ഞാന്‍ ചോര്‍ന്നു വാര്‍ന്നു.

വാഴ്ചയില്‍ കാഴ്ചയില്‍ വിശ്വസ്തയെങ്കിലും,

വീഴ്ചയിലാണു ഞാന്‍ വാസ്തവത്തില്‍.

ചിന്തിച്ച് ചെയ്തുള്ള ചെയ്തീകളൊക്കെയും,

ചാപല്യം തീര്‍തുള്ള ചിതയില്‍ ചാടി.

മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്?

മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്‍ മാര്‍ഗ്ഗമെന്ത്?

അരുതായ്മയൊന്നുമാ ജീവിത പന്തലില്‍ ,

അറിയാതിരിക്കുവാന്‍ മാര്‍ഗ്ഗമെന്ത്?

എന്റെ അനുജത്തിമാരുടെ കണ്ടുപിടുത്തങ്ങൾ :

എന്തോ അവർ ജനിച്ച് വളർന്നത് ഇവിടെ ആയത് കൊണ്ടാകാം...... കാണാത്ത സാധനങ്ങൾ കണ്ടപ്പോൾ അവർ ഇങ്ങിനെ പറഞ്ഞത്.എന്റെ നേരെ താഴെയുള്ളവളാണ് ശിനി, പിന്നെ ശിജി, അവസാനത്തെ സന്തതി മെയ്മി കുട്ടിയും.മൂത്തത് ഞാനാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ? ശിനി ഇവിടെയാണ് ജനിച്ചത്, ശിജി നാട്ടിൽ ( പക്ഷേ... ഒരുമാസമായപ്പോഴേക്കും ഇവിടെ വന്നു ) പിന്നെ മെയ്മിയുടെ ജനനവും ഇവിടെ തന്നെ.

ഏതായാലും കൂടുതൽ വലിച്ചു നീട്ടാതെ ഞാൻ വിഷയത്തിലേക്ക് കടക്കുന്നു.ഒരിക്കൽ ഞങ്ങൾ നാട്ടിൽ പോകുമ്പോൾ എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഒരുപാട് തെങ്ങുകളും മറ്റും കണാനിടയായി.ശിനിയുടേയും ശിജിയുടേയും നാട്ടീലേക്കിലുള്ള ആദ്യയാത്ര ആയതിനാൽ വഴിയോരത്തുള്ള കൌതുകങ്ങൾ കണ്ടാസ്വദിച്ചു കൊണ്ടീരിക്കെ നിറയെ തേങ്ങയുള്ള ഒരു ചെന്തെങ്ങ് കണ്ടു . അപ്പോൾ ശിനി കൌതുകത്തോടെ ഉമ്മച്ചിയേ എന്നും വിളിച്ച് കൊണ്ട് ഞങ്ങളെല്ലാവരോടുമായി പറഞ്ഞു.

“ ഹായ്..... ശമാമിന്റെ മരം “ ( ശമാം - ഒരു ഫ്രൂട്ട് ).

പിന്നെ ശിജിയുടെ വക, വീട്ടിലെത്തി ഉമ്മച്ചി അവളെ കുളിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു എട്ടുകാലി വലയില്‍ ഇരിക്കുന്നത് കണ്ടിട്ട് അവള്‍ പറഞ്ഞു :

“ഹായ്..... കൊത്ക് കചാലമെ ( കസേര ) ഇന്നാട്ണ് ( ഇരുന്ന് ആടുന്നത് ) മോക്ക് ഇമ്മച്ച്യേ......“

പിന്നെ ദേ ഇതും ഒന്നു ........

  • പഴത്തിന്റെ കടലാസ്. ( തൊലി )
  • മാങ്ങന്റെ കയറ്. ( നാര് )
  • പാലില് പേപ്പര്‍. ( പാല്‍ പാട )

Newer Posts Older Posts Home